Tuesday, March 29, 2011

8X6 2.jpg

എന്റെ മൂന്ന് കവിതകള്‍



പെരുമ ഒട്ടും അവകാശപെടാന്‍ ഇല്ലാത്ത ,എന്നാല്‍ ചിലപ്പോള്‍ എല്ലാം,നൊമ്പരമോ,കുട്ടിത്തമോ,അതും അല്ലെങ്കില്‍
ഒരു നുറുങ്ങു ചിന്തയോ എന്നില്‍ ഉണര്‍ത്തിയ കുട്ടി കവിതകള്‍ ഇവിടെ ചേര്‍ക്കുന്നു.

Louiz Thomas.
അജ്മാന്‍
* കാറ്റേ നീ ഉണര്ത്തരുത്
ബോധപൂര്‍വം
ഒരു അബോധതയുടെ പവിഴക്കൂട്ടില്‍
ആലസ്യത്തിന്റെ തൊട്ടിലില്‍
മയങ്ങുന്ന ശലഭത്തെ
കാറ്റേ നീ ഉണര്ത്തരുത്
ഈ കൂട് പിളര്‍ന്ന്...
വെയില്‍ തീയായും...മഴ വിഷമായും...
കാറ്റ് നാശമായും തീരുന്ന...
പുറം കാഴ്ചകള്‍ കാണാന്‍ ,ഈ ശലഭത്തെ
കാറ്റേ നീ ഉണര്ത്തരുത്
പീഡനം കൊണ്ട് പുളയുന്നവള്‍...പിന്നെ
കൈ അറ്റ് പിടയുന്നവന്‍..ഇത് കണ്ട്
കണ്ണീരോഴുക്കാന്‍...
ഈ ശലഭത്തെ
കാറ്റേ നീ ഉണര്ത്തരുത്

അമ്മിഞ്ഞയില്ലാത്ത വരണ്ട ചുണ്ടുകളും...

പാലൊഴിഞ്ഞ പതിഞ്ഞ മുലകളും..

കണ്ട്‌ തേങ്ങി പറക്കാന്‍..

ഈ ശലഭത്തെ കാറ്റേ നീ ഉണര്ത്തരുത്.

മൃതിയും കരച്ചിലും..

ഇരുട്ടും ശവകൂംബാരങ്ങളും അല്ലാതെ..

ഇവിടെ വേറെ ഒന്നുമില്ലലോ?

സ്വച്ച്ചമായ് മയങ്ങുമീ

കുരുന്നു മനസ്സിനെ വെറുതെ വൃണപ്പെടുത്താന്‍

ഈ ശലഭത്തെ കാറ്റേ നീ ഉണര്ത്തരുത്.

**********************************************
ആത്മാവ്‌ മാത്രം അറിയുന്നത്
എന്നോ ഒരിക്കല്‍ മണ്ണ് ആയോ,പാഴ് ചാരമായോ
മാറാന്‍ ഒരുങ്ങുന്നു വില കുറഞ്ഞ ശരീരം
അതിനുള്ളില്‍ നീല ഞരമ്പുകള്‍ പണിത
വലക്കൂട്ടിലിരുന്നു....
ആത്മാവ് മാത്രം അറിയുന്നു

ഒരിക്കല്‍ ഈ വലക്കൂടിനെ ഭേദിച്ചു..നിഷ്ക്കരുണം
അസ്ഥികള്‍ തകര്‍ത്തു ..പുറത്തു വരാമെന്നും..
ഇത്ര നാള്‍ തന്നെ ബന്ധനത്തിലാക്കിയ ..ദേഹത്തെ
വേറിട്ട്‌ കണ്ട്..ഒരു കത്തിച്ച ചിരിയോടെ
ഉയര്‍ന്നു പറക്കാം എന്നും..
ആത്മാവ് മാത്രം അറിയുന്നു

തന്നെ കൈപ്പിടിയില്‍ ഒതുക്കാന്‍ ...
കറുപ്പും പിന്നെ വെളുപ്പും തോല്‍ കണ്ടങ്ങള്‍ ചേര്‍ത്ത്..
പാവം ഗര്‍ഭ ഗൃഹം പുറംപാളി തീര്‍ക്കുന്നതോര്ത്ത് പാവം
ആത്മാവ് ചിരിക്കുന്നു
ഒരിക്കല്‍ ഈ പുറം പാളി മണ്ണായി
മണ്ണില്‍ തന്നെ മറയുമെന്നു
ആത്മാവ് മാത്രം അറിയുന്നു

ഒടുവില്‍ ജീവ സ്പന്ദനം നിലക്കുമ്പോള്‍
ദേഹത്തെ വിട്ടു ദേഹിയായ്‌ മാറി
ശൂന്യതയില്‍ വട്ടമിട്ടു ഒഴുകി നീങ്ങുമ്പോള്‍
വിലാപ ഗീതങ്ങളെയും പൊഴിയുന്ന പാഴ് കണ്‍ നീരിനെയും
ആത്മാവ് മാത്രം അറിയുന്നു

ഇനിയും ഏതോ ദേഹത്തിനുള്ളില്‍
ഞരമ്പുകള്‍ തീര്‍ത്ത വലയില്‍ പെട്ട്...
ഏതോ തോല്‍ പേടകത്തിനുള്ളില്‍ ബന്ധിയാക്കപെട്ടു
വീണ്ടും തുറക്കപെട്ടും പിന്നെ അടക്കപെട്ടും..
കാല-കാലാന്തരങ്ങള്‍ നീളുന്ന തന്റെ ..
തുടര്‍ ഗമനത്തെ വീണ്ടും ഈ പാവം
ആത്മാവ് മാത്രം അറിയുന്നു

ഒര് വേള ആത്മാവിനു ഇനിയും അറിയാത്തത്
ഇനിയത്തെ വരവില്‍..
നായാകുമോ നീളെ നാട്ടില്‍ അലയുമോ?
നരിയാകുമോ നേര്‍ത്ത ഇരുളില്‍ ചരിക്കുമോ?
പുല്ലാകുമോ പൂത്ത മരമായ്‌ തിമിര്‍ക്കുമോ?
കല്ലായ് തീര്‍ന്നീ മണ്ണില്‍ പതിക്കുമോ

നീരായി മണ്ണിന്റെ ദാഹത്തെ തീര്‍ക്കുമോ?
തീയായ് മരത്തിന്റെ കരളിനെ തിന്നുമോ?
പുഴുവായ് തീര്‍ന്നൂ ശവങ്ങളെ തിന്നുമോ?
ശലഭമായ് വന്നീ ചെം പൂക്കളെ മൊത്തുമോ?

നരനായ്‌ വീണ്ടും ഈ വീടിനെ പൂകുമോ?
ഞാനായി വീണ്ടും ഈ നിങ്ങളെ കാണുമോ?

********************************************
മരണാനന്തരം
ശ്വാസം നിലച്ചപ്പോള്‍
ഞാന്‍ മരണപെടുകയായിരുന്നു
മുഖം മെല്ലെ നരച്ച നിറമാകുന്നു
കരച്ചിലുകള്‍ക്ക് നടുവില്‍ ഞാന്‍
ദേഹമില്ലാത്ത ആത്മാവാകുന്നു

പുകഞ്ഞ കുന്തിരിക്കവും
എരിഞ്ഞ സാംബ്രാണി തിരികളും
എന്റെ മണമായി മാറുന്നു
ചതവ് പറ്റിയ മുല്ല പൂക്കളും
ലില്ലിയും എനിക്ക് മന്ച്ചമാകുന്നു

എനിക്കായി കരയേണ്ട
എന്നത് കേള്‍ക്കാതെ പതം പറഞ്ഞ്
പലരും എന്നില്‍ വീണ്‌ കരഞ്ഞു
മരവിച്ച എന്നില്‍ ചൂട് കണ്ണീര്‍
ഒഴുകി തൂവുന്നത് പക്ഷെ ഞാന്‍ അറിഞ്ഞില്ല

മരണപ്പാട്ടുകള്‍ ഉയരുന്നു
എനിക്ക് പൂക്കളുടെ കിരീടം നല്കപെട്ടു
ചുവന്ന പനിനീര്‍ പൂക്കളുടെ കിരീടം

കറുപ്പില്‍ സുവര്‍ണ തൊങ്ങല്‍ വച്ച
മരപ്പെട്ടിക്കുള്ളില്‍ എന്റെതായിരുന്ന
ദേഹം ശയിക്കുന്നു
അവസാന ചുംബനങ്ങള്‍ ..പിന്നെ
അകലുന്ന കാഴ്ചകള്‍
വിട പറയേണ്ടും നേരം അടുക്കുന്നു

പ്രിയപ്പെട്ടവരേ നിങ്ങള്ക്ക്..
പ്രിയ ഭവനമേ നിന്നോട്
ഓടിക്കളിച്ച തൊടിക്കും
തോപ്പുകള്‍ക്കും വെയിലിനും
മുറ്റത്തെ പൂക്കള്‍ക്കും
പളുങ്ക് ചരല്‍ പാതകള്‍ക്കും
വിട ..അവസാന വിട
ഇനി നിങ്ങളെ ഞാന്‍ കാണില്ല..ഒരിക്കലും

പൂക്കള്‍ കരഞ്ഞുവോ?വെയില്‍ മുഖം പൊത്തിയോ
ഞാന്‍ കണ്ടില്ല ..എന്റെ പെട്ടി അടച്ചിരുന്നല്ലോ
ഇനി യാത്ര ..ദൂരെ പള്ളി മണികള്‍ക്ക് നടുവില്‍
ഒരുക്കിയ മണല്‍ കുഴിയിലേക്ക്..
ഒറ്റയ്ക്ക് ഉറങ്ങാന്‍ ...മടങ്ങി വരാതെ..
നിത്യം മയങ്ങാന്‍..

********************************************

No comments: