Wednesday, April 06, 2011

സ്വര്‍ഗത്തിലെക്കൊരു ഗോവണി

സ്വര്‍ഗത്തിലേക്കുള്ള ഗോവണി മേഘങ്ങള്‍ക്കിടയിലൂടെ
തൂക്കിയിട്ടിരുന്നു
അലുക്കുകള്‍ വച്ച പഞ്ഞി കണക്കെ ഉള്ള ഗോവണി
വൈകിട്ട് നടക്കാന്‍ ഇറങ്ങിയപ്പോള്‍ കുന്നിന്‍ ചരിവിലാണ്
ഗോവണി കണ്ടത്
ഇന്നത്തെ നടത്തം ഇതിലൂടെ ആകാം

ഗോവണി കയറി..ഉയരത്തിലേക്ക്..
ഇവിടെ മേഘങ്ങള്‍ മാത്രമേ ഉള്ളൂ
നീലയും വെള്ളയും നിറത്തില്‍..
ദൂരെ നീളന്‍ താടിയും പറക്കുന്ന കുപ്പായവും
കണ്ടു..കയ്യില്‍ വടിയും അരയില്‍ തൂക്കിയിട്ടിരിക്കുന്ന
താക്കോല്‍ കൂട്ടവും
ഓ ..അത് പത്രോസ്‌ ആണ്
സ്വര്‍ഗത്തിന്റെ കാവല്‍ക്കാരന്‍..
യേശുക്രിസ്തുവിന്റെ ശിഷ്യന്‍
കുപ്പായത്തിന്റെ വിളുമ്പുകള്‍ കാറ്റില്‍ പറക്കുന്നു
നീളന്‍ താടിയില്‍ വെയില്‍ പ്രതിഫലിക്കുന്നു
കണ്ണുകളിലെ കാവല്‍ക്കാരന്റെ ഗൌരവം
തീ പോലെ ജ്വലിക്കുന്നു

എന്നെ കണ്ട് അരയില്‍ വച്ചിരിക്കുന്ന
കറുത്ത തോല്‍ പുസ്തകം പത്രോസ്‌ തുറന്നു
ഞാന്‍ ചിരിച്ച്‌..കാരണം
അതിലെന്റെ പേര് ഇല്ലെന്നു എനിക്കറിയാം
കൊലയാളിയും..വ്യഭിചാരിയും
മഹാ പാതകിയുമായ എന്റെ പേര് ചേര്‍ക്കാന്‍ മാത്രം
പത്രോസ്‌ മണ്ടനല്ല..
പിന്നെ എന്തിനാണ് പുസ്തകം പരതുന്നത്?
ഒരു വേള ഞാനും സ്വര്‍ഗത്തിന് അര്‍ഹത നേടിയിരിക്കുമോ?
പത്രോസ്‌ പരതട്ടെ..ഞാന്‍ കാത്തിരിക്കാം

No comments: